കണ്ണൂര്‍ സൈബര്‍ മീറ്റിനു പങ്കെടുക്കാന്‍ പോയതും അതിനോടനുബന്ധിച്ചു ഞാന്‍ നടത്തിയ കണ്ണൂര്‍ കാസര്‍ഗോഡ് ഹൃസ്വ സന്ദര്‍ശനവുമാണ് ഞാന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ധേശിക്കുന്നത്. ഞാന്‍ ഇതുവരെ കാണാത്ത കേരളത്തിലെ രണ്ടു വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന ആവേശം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ഈ യാത്രയില്‍ എനിക്ക് കൂട്ടിനു ആരും ഉണ്ടായിരുന്നില്ല. നാട്ടിലെ ചില തിരക്കുകള്‍ കാരണം എന്റെ ഭാര്യ നദീര കൂടെ കൂടിയില്ല. ഞാന്‍ ദൂരെ എവിടെ പോകുകയാനെങ്കിലും അവളെ കൂടെ കൂട്ടാറുണ്ട്. എന്റെ ഭാര്യാ എന്നതില്‍ ഉപരി എന്റെ നല്ല സുഹൃത്തും കൂടിയാണ് അവള്‍ . അവളെ കൂടെ കൂട്ടാന്‍ പറ്റാത്തതില്‍ എനിക്ക് വിഷമം ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളായ രഞ്ജിത്തും ദിനേശനും എല്ലാം ഓണത്തിന്റെ തിരക്ക് ആയതിനാല്‍ അവര്‍ക്ക് എന്റെ കൂടെ കൂടാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് ഓണത്തിന് കുടുംബത്തോടൊപ്പം നാട്ടില്‍ നില്‍ക്കണം. എന്റ്റെ വേറെ ഒരു പ്രിയ സുഹൃത്ത് ആനന്ദ് ഒരു ഉറപ്പും പറഞ്ഞില്ല. എന്റെ അനുജന്‍ അന്സിലിനെ കൂട്ടാമെന്ന് വിചാരിച്ചു. അവനും ചില തിരക്കുകള്‍ നാട്ടില്‍ ഉള്ളതിനാല്‍ വരാന്‍ കഴിഞ്ഞില്ല. എന്തായാലും യാത്ര മുടക്കാന്‍ എനിക്ക് മനസ്സില്ല. ഒറ്റക്കാണെങ്കില്‍ ഒറ്റയ്ക്ക് എന്ന് ഞാന്‍ തീരുമാനിച്ചു യാത്ര തിരിച്ചു.
കാനന പാതയിലൂടെ യാത്ര
(08-09-2011)
സെപ്റ്റംബര്‍ എട്ടാം തിയ്യതി വ്യാഴായ്ച്ച രാവിലെ എന്റെ ആ ആഴ്ചയിലെ എല്ലാ പരിപാടികളും അവസ്സാനിപിച്ച ശേഷം മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടിലേയ്ക്ക് യാത്ര തിരിച്ചു. രാവിലെ മഞ്ചേരിയില്‍ നിന്ന് പ്രഭാത ഭക്ഷണം. ഇന്ത്യന്‍ കോഫി ഹൌസില്‍ന്നിന്നു മസാല ദോശയും ചായയും. അതുകഴിഞ്ഞ് ബസ്സില്‍ കയറി. ഉച്ചയ്ക്ക് മുന്പ് കോഴിക്കോട് എത്തി. അവിടെ നിന്നും ട്രെയിനില്‍ കണ്ണൂര്‍ പോകാം എന്നാണ് ഞാന്‍ കരുതിയത്. ട്രെയിന്‍ സമയം എനിക്ക് വലിയ നിശ്ചയം ഇല്ലായിരുന്നു. കഷ്ട്ടകാലത്തിനു ഞാന്‍ കോഴിക്കോട് ബസ്സ് ഇറങ്ങിയതും ഒരു KSRTC ബസ്സ് കണ്ണൂരിലേയ്ക്ക് ഉള്ളത് അവിടെ നില്‍പ്പുണ്ടായിരുന്നു. കണ്ണൂര്‍ വേഗത്തില്‍ എത്തിച്ചേരണം എന്ന ആവേശത്തില്‍ ഞാന്‍ അതില്‍ കയറികൂടി. ബസ്സില്‍ തിരക്ക് കുറവായിരുന്നു. ഞാന്‍ ഡ്രൈവറുടെ ഇടതു ഭാഗത്ത് ആദ്യത്തെ സീറ്റില്‍ തന്നെ ഇടം പിടിച്ചു. യാത്ര തുടങ്ങി. കണ്ടക്ടര്‍ വന്നു എവിടേയ്ക്ക് ആണെന്ന് ചോദിച്ചു. കണ്ണൂര്‍ എത്തുന്നതിനു മുന്നേ ആണ് മുഴുപ്പിലങ്ങാട് ബീച്ച് എന്ന് ഞാന്‍ അറിഞ്ഞു. അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ തലശ്ശേരി ഇറങ്ങിക്കോളിന്‍ എന്ന് കണ്ടക്ടര്‍ പറഞ്ഞത് അനുസരിച്ച് തലശ്ശേരിക്ക് ടിക്കറ്റ് എടുത്തു. ബസ്സ് യാത്ര തുടങ്ങിയപ്പോഴാണ് എനിക്ക് പറ്റിയ അമളി ഞാന്‍ മനസ്സിലാക്കിയത്. ട്രെയിന്‍ യാത്ര വേണ്ട എന്ന് തീരുമാനിച്ച ഞാന്‍ ശരിക്കും അനുഭവിച്ചു. ബസ്സ് പോകുന്നത് റോഡിലൂടെ ആയിരുന്നില്ല. വെറും കുണ്ടിലും കുഴികളിലൂടെയും ആയിരുന്നു. ഒരു കിലോ മീറ്റര്‍ പോലും റോഡ് ശരിക്കും ഉണ്ടായിരുന്നില്ല. എനിക്ക് ഒരു സംശയം ഇത് NH - 17 തന്നെ ആല്ലേ? ഞാന്‍ ഡ്രൈവറോട് ചോദിച്ചു. ഈ ബസ്സ് NH - 17 ല്‍ കൂടി തന്നെ അല്ലെ തലശ്ശേരിക്ക് പോകുന്നത്. ഡ്രൈവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇത് തന്നെ ആണ് നിങ്ങള്‍ പറഞ്ഞ ആ റോഡ് എന്ന്. കേരളത്തിലെ റോഡുകളിലൂടെ എപ്പോള്‍ വണ്ടി ഓടിക്കുന്നവര്‍ അതീവ സാഹസിക യാത്രയാണ് നടത്തുന്നത് . എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
യാത്രയില്‍ ഉടനീളം നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. വഴിയിലെ കുണ്ടും കുഴിയിലും വെള്ളകെട്ടുകള്‍ ശരിക്കും ഒരു കാനന പാതയിലൂടെയുള്ള യാത്രയുടെ പ്രതീതി എനിക്ക് അനുഭവപെട്ടു. യാത്രയില്‍ കൊയിലാണ്ടി, വടകര, പയ്യോളി എന്നീ സ്ഥലങ്ങള്‍ കണ്ടു. എനിക്ക് ഒരു വ്യതസ്ത പ്രദേശമായി തോന്നിയത് മാഹി കണ്ടപ്പോഴാണ്. പഴയ ഫ്രഞ്ച് കോളനിക്ക് വലിയ വൃത്തിയും വെടിപ്പും ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ നാട്ടില്‍ അടുത്ത് അടുത്ത് കാണുന്ന പെട്ടികടകള്‍ പോലെ നിരനിരയായി കാണുന്ന മദ്യ വില്പനശാലകള്‍ എനിക്ക് പുതിയ അനുഭവമായി. നമ്മുടെ നാട്ടിലെ Bevarages Corporation കടകളുടെ മുന്പില്‍ കണ്ടുവരുന്ന മദ്യപാനികളുടെ നീണ്ട നിരയൊന്നും കണ്ടില്ല. എവിടെ തിരഞ്ഞാലും മദ്യ കടകള്‍ . അവിടെ പലചരക്ക് പച്ചക്കറി കടകളെക്കാളും കൂടുതല്‍ മദ്യ വില്പന ശാലകള്‍ ആണെന്ന് തോന്നുന്നു. മദ്യപന്‍മ്മാരുടെ പറുദീസാ എന്ന് വേണമെങ്കില്‍ പറയാം. ഓണത്തിന്റെ തലേ ദിവസ്സമായ ഉത്രാട നാള്‍ ആയതിനാല്‍ മാഹിയില്‍ നിന്ന് പുറത്തുവരുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ടായിരുന്നു. വലിയ രീതിയിലുള്ള മദ്യ കടത്തു തടയാന്‍ വേണ്ടി ആയിരിക്കും എന്ന് തോന്നി. മാഹിയില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള റോഡ് അപാരം തന്നെ! പൂഴികൊണ്ട് ഒരു അഭിഷേകം എല്ലാവര്ക്കും കിട്ടും. മഴ ഉണ്ടെങ്കില്‍ ചെളി കൊണ്ടായിരിക്കും അഭിഷേകം.
എങ്ങിനെ ഒക്കെയോ തലശ്ശേരി എത്തിപെട്ടു. ഉച്ചസമയം നല്ല വിശപ്പ്. നല്ല തലശ്ശേരി വിഭവങ്ങള്‍ കിട്ടുന്ന ഭോജനശാല ആയിരുന്നു എന്റെ മനസ്സില്‍ , പക്ഷെ അത് തിരഞ്ഞു കണ്ടുപിടിക്കാനോ ചോദിക്കാനോ ഉള്ള ക്ഷമ എനിക്ക് ഇല്ലായിരുന്നു. അത്രയ്ക്കും വിശപ്പ്. തലശ്ശേരി പുതിയ ബസ് നിലയത്തിന് അടുത്തുള്ള ഒരു നൂര്‍ജഹാന്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു. ചോറും ഐല മീന്‍ പൊരിച്ചതും കിട്ടി. ഉത്രാട നാള്‍ ആയതിനാല്‍ ഒരു ഗ്ലാസ് പായസവും കിട്ടി. തലശ്ശേരി കോട്ട കാണണം എന്നുള്ളതായിരുന്നു അടുത്ത പരിപാടി. സ്ഥലം ചോദിച്ചു നടന്നു. കോട്ടക്കുള്ളില്‍ കയറി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1708 ല്‍ പണി കഴിപിച്ചതായി പറയപെടുന്ന കോട്ട ഒരു സൈനിക താവളം ആയിരുന്നില്ല. ആ കാലത്ത് അവിടെ ഉണ്ടായിരുന്ന ഒരു ഫാക്ടറിയുടെ സംരക്ഷണത്തിനായി അതിനു ചുറ്റും ഒരു കോട്ട നിര്‍മിച്ചു. ഒരു പാട് വിദേശ സ്വദേശി ആക്രമണങ്ങളുടെയും പിടിച്ചടക്കലുകളുടെയും ചരിത്രം അതിനു ഉണ്ട്. കുറച്ചു നേരം അവിടെ കറങ്ങി. കോട്ടയുടെ ഉള്ളില്‍ നിന്നുകൊണ്ടുള്ള തലശ്ശേരിയുടെ പുറം കാഴ്ചകള്‍ മനോഹരമായിരുന്നു. അതിനു ശേഷം നേരെ പുതിയ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു. തലശ്ശേരി പട്ടണം മുഴുവന്‍ അന്ന് നല്ല തിരക്കായിരുന്നു. ഓണത്തിന്റെ തലേ ദിവസം ആയതിനാല്‍ വഴി വാണിഭക്കാരുടെയും ജനങ്ങളുടെയും നല്ല തിരക്ക് അനുഭവപെട്ടു, വഴിയരികില്‍ കണ്ട പൂകച്ചവടമാണ് എനിക്ക് ആകര്‍ഷണമായി തോന്നിയത്. കൂടുതലും അന്യ സംസ്ഥാനക്കാരായ കച്ചവടക്കാര്‍. പലതരത്തിലും നിറത്തിലുമുള്ള പൂക്കള്‍ കുമിച്ചു വെച്ചിരിക്കുന്നത് കണ്ണിനു നല്ല വിരുന്നായിരുന്നു. മുഴുപ്പിലങ്ങാട് ബീച്ച് ആയിരുന്നു അടുത്ത ലക്‌ഷ്യം. ബസ് കിട്ടി. ഒരു പതിനഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്തു കാണും. ബസ് കോണ്ടുക്ടരോട് മുഴുപ്പിലങ്ങാട് ബീച്ചിലേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞു. കണ്ടക്ടര്‍ ശരിയായ സ്ഥലത്ത് തന്നെ ഇറക്കിവിട്ടു. ഒരു ചെറിയ റോഡിലൂടെ കുറച്ചു ദൂരം നടന്നു. ഒരു ചെറിയ മഴ ചാറ്റല്‍ ഉണ്ടായിരുന്നതിനാല്‍ കുടയും പിടിച്ചായിരുന്നു നടത്തം. കര അടുത്തപ്പോള്‍ കടലിന്റെ ഇരമ്പല്‍ കേട്ടു. അങ്ങിനെ ഞാന്‍ മുഴുപ്പിലങ്ങാട് കടലോരത്ത് എത്തി ചേര്‍ന്നു.
മനോഹരമായ കടല്‍ തീരം എന്ന് പറയാം. അത് അങ്ങനെ കിലോ മീറ്റരുകളോളം നീണ്ടു കിടക്കുന്നു. ഏഷ്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് ആണ് ഇത് എന്നാണ് പറയപ്പെടുന്നത്. ഏകദേശം എട്ടു കിലോ മീറ്ററോളം ബീച്ചിലൂടെ വാഹനം ഓടിച്ചു പോകാം. ഞാന്‍ പോയ സമയത്ത് നല്ല മഴ മേഘങ്ങള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തെളിഞ്ഞ കാലാവസ്ഥ ആയിരുന്നില്ല. കുറെ നേരം ബീച്ചിലൂടെ നടന്നു. തിരകള്‍ ചെറിയ ഓളങ്ങള്‍ ആണ് എന്ന് പറയാം. ശാന്തമായ കടല്‍ തീരം. ടൂറിസം വികസനം എന്ന പേരില്‍ കുറെ കൃത്രിമ നിര്‍മിതികള്‍ നടത്തിയിട്ടുണ്ട് . കടല്‍ തീരത്ത് കൂടി നല്ല വേഗത്തില്‍ ആഹ്ളാദിച്ചു വാഹനം ഓടിച്ചു പോകുന്നവരെ ഞാന്‍ കണ്ടു. തൊട്ടടുത്ത് മുക്കുവ ഗ്രാമങ്ങലിലെ മുക്കുവര്‍ കടലില്‍ ഇറങ്ങി മീന്പിടിക്കുന്നതും കണ്ടു. കടല്‍ മത്സ്യങ്ങളെ ഞാന്‍ ആദ്യമായി ജീവനോടെ കണ്ടു. ആ മനോഹരമായ കടല്‍ തീരത്ത് ഞാന്‍ അസ്തമനം വരെ ഞാന്‍ ഇരുന്നു. വൈകുന്നേരം ആയപ്പോള്‍ കുറെ സന്ദര്‍ശകര്‍ അവിടെ എത്തി. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങി കളിക്കുന്നത് മനോഹരമായ കാഴ്ച ആയിരുന്നു. അസ്തമയം മഴ മേഘങ്ങള്‍ക്ക് ഇടയില്‍ ആയിരുന്നു. കടലില്‍ സൂര്യന്‍ താഴുന്നത് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടെ നിന്നും എന്റെ മടക്കം യാത്ര തുടര്‍ന്നു.
കണ്ണൂരില്‍ എനിക്ക് താമസം തരപെടുത്തി എന്ന് എഴുതിയ കുമാരന്റെ എസ് എം എസ് എനിക്ക് കിട്ടി. താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനുള്ള വഴി വിശദമായി എഴുതിയിട്ടുണ്ട്. കണ്ണൂര്‍ താണയില്‍ കക്കാട് റോഡിലുള്ള ഫ്രണ്ട്സ് ലോഡ്ജില്‍ ആയിരുന്നു എന്റെ താമസം. ചെറിയ വാടകയ്ക്ക് നല്ല താമസ സൗകര്യം ആണ് എനിക്ക് കുമാരന്‍ തരപെടുത്തിയത്. ഞാന്‍ പ്രതീക്ഷിക്കാത്ത വാടക ആയിരുന്നു അതിനു. കുമാരനെ വിളിച്ചു. താമസ സ്ഥലത്ത് എത്തിയതായി വിവരം അറിയിച്ചു. കണ്ണൂര്‍ സൈബര്‍ മീറ്റിന്റെ മുഖ്യ ശില്പി ആയ ബിജു കൊട്ടിലയെയും വിളിച്ചു. സുകുമാരന്‍ ഏട്ടനേയും വിളിച്ചു. എല്ലാവര്ക്കും മീറ്റിന്റെയും ഓണത്തിന്റെയും തിരക്കാണ്. നമുക്ക് മീറ്റിന്റെ തലേദിവസം മാടായി പാറയില്‍ വെച്ച് കാണാം എന്ന് പറഞ്ഞു. ഞാന്‍ റൂമില്‍ കേറി. നന്നായി ഒന്ന് കുളിച്ചു. നല്ല വിശപ്പ്. ലോഡ്ജിനു അടുത്തുള്ള ഒരു ഭക്ഷണ ശാലയില്‍ നിന്നും അത്താഴം കഴിച്ചു. നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. വീട്ടിലേയ്ക്ക് നദീറയ്ക്കും വാപ്പയ്ക്കും ഫോണ്‍ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു, കിടന്നു ഉറങ്ങി...
നേരം പുലര്‍ന്നു. വെള്ളിയാഴ്ച, സെപ്റ്റംബര്‍ ഒമ്പത് രണ്ടായിരത്തി പതിനൊന്നു, തിരുവോണ ദിവസം, ഞാന്‍ ഒരു എട്ടു മണിയാകുമ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. നാന്നായി ഉറങ്ങി എന്ന് പറയാന്‍ പറ്റുകയില്ലെങ്കിലും ക്ഷീണം മാറി. പരിചയം ഇല്ലാത്ത സ്ഥലത്ത് കിടക്കുമ്പോള്‍ എനിക്ക് ഉറക്കം കുറവാണ്. തലേന്ന് രാത്രി കണ്ണൂരില്‍ നല്ല മഴ ഉണ്ടായിരുന്നു. പ്രഭാത കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞു. എനിക്ക് കണ്ണൂര്‍ പരിചയമുള്ള എല്ലാവരും തിരുവോണ നാളിന്റെ തിരക്കിലും മറ്റും ആയിരുന്നു. എനിക്ക് എവിടെയും പോകാന്‍ ഇല്ല. എന്റെ ഷെഡ്യൂള്‍ പ്രകാരം അന്ന് എനിക്ക് പോകാന്‍ ഉള്ളത് കണ്ണൂര്‍ കോട്ടയിലേക്കും പയ്യാമ്പലം ബീച്ച് കാണലും, അറക്കല്‍ കൊട്ടാരം കാണലും ആയിരുന്നു.
ഞാന്‍ താണയില്‍ നിന്ന് ബസ് കയറി. നേരെ കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ് ലേയ്ക്ക് വിട്ടു. ബസ് ഒരു നഗര പ്രദക്ഷിണം നടത്തി. എനിക്ക് കണ്ണൂര്‍ ടൌണ്‍ ഒന്ന് ചുറ്റാനും സാധിച്ചു. വെറുതെ പറയുന്നതല്ല, അന്ന് ഓണം അവധി ആയതിനാല്‍ നഗരം ഏറെ കുറെ വിജനം ആയിരുന്നു. ഹര്‍ത്താലുകളുടെ നാടായ കേരളത്തില്‍ അതിന്റെ പ്രതീതി ആയിരുന്നു കണ്ണൂരില്‍ . ഓണം ദിവസമായതിനാല്‍ അന്നേ ദിവസം ഭക്ഷണ ശാലകള്‍ അവധി ആയിരിക്കുമെന്നും, എങ്ങെനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ നേരത്തെ കുമാരന്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ കണ്ണൂര്‍ തവക്കര പുതിയ ബസ് നിലയത്തില്‍ എത്തി. മിക്കവാറും ബസ് സ്റ്റാന്റ് ഒഴിഞ്ഞ നിലയില്‍ ആയിരുന്നു. ആളുകളും കുറവ് ബസ്സുകളും കുറവ്. ബസ് നിലയത്തെ കുറിച്ച് അഭിപ്രായം പറയാതെ വയ്യ. പുതിയതായി BOT അടിസ്ഥാനത്തില്‍ നിര്‍മിച്ച ബസ് സ്റ്റാന്റ് ആണ് അത്. കേരളത്തില്‍ ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും വൃത്തിയുമുള്ള ബസ് നിലയം ആയിരുന്നു അത്. നല്ല വൃത്തിയും വെടിപ്പും ഉള്ള ബസ് സ്റ്റാന്റ് . നല്ല വൃത്തിയുള്ള കെട്ടിടങ്ങള്‍ . രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും പോസ്റ്റര്‍ ചുമര്‍ വൃത്തികേടു ആക്കിയിട്ടില്ല. പിന്നെ പാലക്കാട് പഴയ മുന്‍സിപ്പല്‍ ബസ് നിലയത്തിലും KSRTC ബസ് നിലയത്തിലും അനുഭവപെടുന്ന മൂത്ര നാറ്റം അവിടെ ഇല്ല. ഞാന്‍ അവിടെ ഒരു ഭോജന ശാല തുറന്നിരുന്നത് കണ്ടു. പ്രാതലിനായി അവിടെ കേറി. നല്ല പൂള പുഴിങ്ങിയതും മീന്‍ കറിയും കിട്ടി. അതും കഴിച്ചു, ചായയും കുടിച്ചു. സമാധാനം ആയി. ഞാന്‍ അവിടെ നിന്ന് ചിന്തിച്ചു. ഇന്ന് എവിടേയ്ക്ക് ആണ് പോകേണ്ടത് ? നീണ്ട ഒരു ദിവസം മുഴുവനായും എന്റെ മുന്പില്‍ ഉണ്ട്. അടുത്ത രണ്ടു ദിവസ്സങ്ങള്‍ സൈബര്‍ മീറ്റിനു വേണ്ടി ഉള്ളതാണ്. അതിനുശേഷം സമയം കിട്ടിയാല്‍ കണ്ണൂര്‍ കോട്ടയും മറ്റും കാണാം. തലേന്ന് സുകുമാരന്‍ ഏട്ടന്‍ എന്നോട് ബേക്കല്‍ കോട്ടയെ പറ്റി ഫോണില്‍ പറഞ്ഞിരുന്നു. എന്റെയും ഒരുപാട് കാലത്തെ ആഗ്രഹമാണ് ബേക്കല്‍ കോട്ട കാണണം എന്നുള്ളത്. അതിന്റെ ഇത്രയും അടുത്ത് എത്തിയിട്ട് അത് കാണാതെ പോകുന്നത് വലിയ നഷ്ട്ടമാണ് എന്ന് എനിക്ക് തോന്നി. മണി രത്നത്തിന്റെ ബോംബെ സിനിമയിലെ ഒരു പ്രസിദ്ധ സ്നേഹ ഗാനം അവിടെ വെച്ചാണ് ചിത്രീകരിച്ചത്. അത് കണ്ടത് മുതല്‍ ബേക്കല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഈ ആശയം രാവിലെ റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നില്ല. സമയം പത്തുമണി കഴിഞ്ഞു. സമയം വൈകിയോ? എന്തായാലും ബേക്കല്‍ കാണാന്‍ തീരുമാനിച്ചു. പിന്നെ സമയം കളഞ്ഞില്ല. നേരെ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാകി നടന്നു. ബസ് സ്റ്റാന്‍ഡില്‍ കാസര്‍ഗോഡ് ഭാഗത്തേയ്ക്കുള്ള ബസ് നില്പ് ഉണ്ടായിരുന്നു. തലേ ദിവസത്തെ ബസ് യാത്രയുടെ നരക യാതന മറന്നിട്ടിലാത്തത് കൊണ്ട് ട്രെയിനില്‍ യാത്ര ആകാമെന്ന് ഉറപ്പിച്ചു. ട്രെയിന്‍ നിലയത്തില്‍ എത്തി. അന്വേഷിച്ചപ്പോള്‍ ഒരു ഫാസ്റ്റ് പാസ്സന്ജര്‍ വൈകി ആണ് ഓടുന്നതെന്നും അത് ഇപ്പോള്‍ വരുമെന്നും പറഞ്ഞു. കാഞ്ഞങ്ങാട് ഇറങ്ങാനുള്ള ടിക്കറ്റ് എടുത്തു. ട്രെയിന്‍ വന്നു. അതില്‍ കയറി ട്രെയിനിന്റെ വലതു ഇടതു ഭാഗത്ത് ഒരു ഒറ്റ സീറ്റ് കിട്ടി. യാത്ര സുഖം. തിരുവോണ ദിവസം ആയതിനാല്‍ ട്രെയിനില്‍ തിരക്ക് കുറവായിരുന്നു. യാത്രക്ക് ഇടയില്‍ ചായയും ഉഴുന്ന് വടയും കഴിച്ചു.
ഏകദേശം പന്ത്രണ്ടു മണിയോട് അടുത്ത് ഞാന്‍ കാഞ്ഞങ്ങാട് ട്രെയിന്‍ ഇറങ്ങി. അവിടെ നിന്നും ബസ്സില്‍ പള്ളിക്കരയിലേക്ക്. റോഡിന്‍റെ കാര്യം ഒന്നും പറയാതിരിക്കലാണ് ഭേതം. പള്ളിക്കര ബസ് ഇറങ്ങി ചൂണ്ടു പലകയുടെ നിര്‍ദേശ പ്രകാരം കോട്ട ലക്ഷ്യമാക്കി നടന്നു. ശരിക്കും ഒരു ടൂറിസ്റ്റ് സ്പോട്ടില്‍ എത്തിയ പ്രതീതി. നല്ല കാലാവസ്ഥ. ഉച്ചയ്ക്ക് ഒരു മണിയോട് അടുത്തപ്പോള്‍ ഞാന്‍ കോട്ടയുടെ അടുത്ത് എത്തി. ഒന്ന് മുള്ളണം എന്ന തോന്നല്‍, അവിടെ കണ്ട കാശു കൊടുത്തു കാര്യം സാധിക്കുന്നതിനുള്ള ടോയ്ലെറ്റില്‍ കയറി രണ്ടു രൂപ കൊടുത്തു കാര്യം സാധിച്ചു. ഇത് പ്രത്യേകിച്ച് പറയാന്‍ കാരണം ആ ടോയ്ലെറ്റ്ന്റെ വൃത്തിയാണ്. ഇത്രയും വൃത്തിയുള്ള പൊതു ടോയ്ലെറ്റ് ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കാണാന്‍ നല്ല വൃത്തിയുണ്ട്. യാതൊരു വൃത്തികെട്ട മണമും ഇല്ല. അവിടെ നിന്നും ഇറങ്ങി. പാര്‍ക്കിംഗ് ഏരിയയില്‍ ഒരു ബസ്സ് നിറയെ സന്ദര്‍ശകര്‍ അവിടെ ഇറങ്ങിയിട്ടുണ്ടായിരുന്നു. അവര്‍ക്ക് വേണ്ട ഉച്ച ഭക്ഷണം അവര്‍തന്നെ തയ്യാര്‍ ആക്കുകയായിരുന്നു. ഞാന്‍ കോട്ടയ്ക്കു ഉള്ളില്‍ കയറിയാല്‍ ഉച്ച ഭക്ഷണം കിട്ടില്ല. അതുകാരണം ഉച്ച ഭക്ഷണം കഴിഞ്ഞിട്ട് ഉള്ളിലേയ്ക്ക് കടക്കാം എന്ന് തീരുമാനിച്ചു. ചോറ് കിട്ടാനുള്ള അന്വേഷണം ആരംഭിച്ചു. തമിഴര്‍ നടത്തുന്ന ഭോജന ശാല കണ്ടെത്തി. അവിടെ ചോറും മീനു കിട്ടി. ചോറും കറിക്കും വലിയ പ്രത്യേകത ഇല്ലെങ്കിലും മീനിനു നല്ല രുചി ഉണ്ടായിരുന്നു. വിശപ്പിനു സ്വാന്തനം കിട്ടി. കോട്ടക്കുള്ളില്‍ നടന്നു. ടിക്കറ്റ് എടുത്തു എനിക്ക് വെറും അഞ്ചു രൂപ, ക്യാമറയ്ക്ക് ഇരുപത്തി അഞ്ചു രൂപ. അതില്‍ ഒന്നും തോന്നിയില്ല. പക്ഷെ വെച്ചിരുന്ന ഒരു ബോര്‍ഡ് വായിച്ചപ്പോള്‍ എനിക്ക് അതിശയോക്തി തോന്നി. ഇന്ത്യ ക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് അഞ്ചു രൂപ! വിദേശികള്‍ക്ക് നൂറു രൂപ! ടിക്കറ്റ് നിരക്കില്‍ വലിയ അന്തരം അതില്‍ യാതൊരു നീതിയും തോന്നിയില്ല. നമ്മുടെ നാട് കാണാന്‍ വരുന്ന വിദേശികളോട് ഇത്രയും വിവേചനം പാടില്ല. അവര്‍ക്ക് നൂറു രൂപ ഒരു പ്രശ്നം ആയിരിക്കില്ല. എന്നാലും നമ്മള്‍ അവരെ പിഴിയരുത്, ഒരു കാര്യത്തിലും. ഇനിയും അവര്‍ നമ്മുടെ നാട്ടില്‍ ഉറ്റവരെയും ഉടയവരുടെയും കൂട്ടി വരണം എന്ന് ഓര്‍ത്തു വേണം നാം അവരെ സല്ക്കരിക്കേണ്ടത്. അല്ലാതെ അവരുടെ വെറുപ്പ് ഏറ്റു വാങ്ങരുത്.
ഞാന്‍ കോട്ടയ്ക്കു അകത്തു കടന്നു. നാല്പത്തി ആറു ഏക്കറില്‍ പറന്നു കിടക്കുന്ന വിശാലമായ കോട്ടയാണ് ബേക്കല്‍ . വര്‍ണ്ണിക്കാന്‍ പറ്റാത്തതാണ് അതിന്റെ സൌന്ദര്യവും പരിസരവും. കോട്ടയ്ക്കു ഉള്ളില്‍ മനോഹരമായ ഒരു ഉദ്യാനം ഉണ്ട് . അന്ന് ഓണത്തിന്റെ സദ്യ ഉണ്ണുന്ന സമയം ആയതിനാല്‍ തിരക്ക് കുറവായിരുന്നു. എനിക്ക് പടങ്ങള്‍ എടുക്കാന്‍ പറ്റിയ സാഹചര്യം. കോട്ടയ്ക്കു നടുവിലേയ്ക്ക് നടന്നു. അതിന്റെ നടുക്ക് ഉള്ള വാച്ച് ടവരിലേക്ക് കയറി. അവിടെ നിന്ന് നോക്കിയാല്‍ കോട്ട മുന്നൂറ്റി അറുപതു ഡിഗ്രിയില്‍ കാണാം. ബഹുരസം! സമുദ്രത്താല്‍ ചുറ്റപെട്ട കോട്ടയും അതിന്റെ പരിസരവും വാച്ച് ടവറില്‍ നിന്ന് നന്നായി കാണാം. ഞാന്‍ കുറെ നേരം അവിടെ നിന്നു. താഴെ ഇറങ്ങി. കോട്ടയ്ക്കു ചുറ്റും നടക്കാന്‍ തീരുമാനിച്ചു. ഏകദേശം നാല്പത്തി ആറ് ഏക്കറില്‍ നിര്‍മിച്ച കോട്ട ചുറ്റി കാണാന്‍ സമയം ഏറെ വേണ്ടിവരും. ഉച്ച സമയം ആയതിനാല്‍ സഞ്ചാരികള്‍ കുറവായിരുന്നു. എന്നാലും തിരുവോണ ദിവസ്സമായതിനാല്‍ വൈകുന്നേരം തിരക്ക് കൂടും. കോട്ടയുടെ ഓരോ സ്ഥലങ്ങളില്‍ നിന്ന് നോക്കുമ്പോഴും വ്യതസ്ത രീതിയിലുള്ള ദ്രിശ്യങ്ങള്‍ ആണ് നമുക്ക് അനുഭവപെടുക. ബേക്കല്‍ ഫോര്‍ട്ടില്‍ നിന്നും കാണുന്ന ബേക്കല്‍ കടല്‍ തീരത്തിന്റെ വിദൂര വീക്ഷണം ബഹുരസമാണ്. കോട്ടയ്ക്കു ചുറ്റുമുള്ള ചെറു പട്ടണങ്ങളുടെ വിഗഹ വീക്ഷണം അതിന്റെ വാച്ച് ടവറില്‍ നിന്ന് നോക്കിയാല്‍ ദ്രിശ്യമാകും. കോട്ടയുടെ ഉള്ളിനിന്നു പുറത്തേയ്ക്ക് കടക്കാനും ഉള്ളിലേയ്ക്ക് വരാനും രണ്ടു വഴികളെ ഉള്ളൂ. മുന്നില്‍ കൂടിയും പിന്നില്‍ ഒരു വഴിയും ഉണ്ട് . ബാക്കി എല്ലാഭാഗത്തും ഉയര്‍ന്ന മതിലുകള്‍ . കോട്ടയുടെ ഭാഗത്ത് നിന്ന് സമുദ്ര ഭാഗം കാണാന്‍ ബഹുരസമാണ്. തിരമാലകള്‍ ഉണ്ടാവുന്നതും അത് കരയിലേക്ക് ഓടി അടുക്കുന്നതും കാണാന്‍ എന്ത് ഭംഗി ആണെന്നോ ? വിവരണത്തിന് അതീതമാണ് ആ കാഴ്ചകള്‍ ! ഇതിനോടൊപ്പം ഞാന്‍ കൂട്ടി ചേര്‍ക്കുന്ന പടങ്ങള്‍ എനിക്ക് കൂടുതല്‍ വിവരണം എഴുതുന്നത് ഒഴിവാക്കാന്‍ സഹായകമാകും. വീഡിയോയും കൂട്ടി ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഞാന്‍ കോട്ടയില്‍ നിന്ന് പിന്‍ഭാഗം വഴി കടലിലേയ്ക്ക് ഇറങ്ങി നടന്നു. കോട്ടയുടെ ഒരു ഭാഗം കടലിലേയ്ക്ക് ഇറക്കി നീട്ടി നിര്‍മിച്ചിട്ടുണ്ട് . ഞാന്‍ അതില്‍ കൂടി നടന്നു കടല്‍ ഭാഗത്തേയ്ക്ക് തള്ളി നില്‍ക്കുന്ന കോട്ടയുടെ ഭാഗത്തേയ്ക്ക് നടന്നു കയറി. അവിടം നില്‍ക്കുമ്പോള്‍ നമുക്ക് ചുറ്റും തിരമാലകള്‍ ചീറ്റി അടിക്കുന്ന അനുഭവം വിവരിക്കുന്നത് കുറച്ചു പ്രയാസമാണ് . അത് അനുഭവിച്ചു തന്നെ അറിയണം. എത്രയോ ആയിരം വര്‍ഷങ്ങളായി കടല്‍ തിരമാലകള്‍ അവിടുത്തെ പറക്കെട്ടുകളെ പ്രഹരിച്ചു കൊണ്ടിരിക്കുന്നു. സമുദ്രവും അതില്‍ നിന്ന് ഉയര്‍ന്നു വരുന്ന തിരമാലകളുടെ രൌദ്ര ഭാവവും നാം അനുഭവിച്ചു തന്നെ അറിയണം.ഞാന്‍ കടലിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്ന കോട്ടയുടെ ഭാഗത്ത് കുറച്ചു നേരം നിന്നും ഇരുന്നും കഴിച്ചു കൂട്ടി. പിന്നീടു അതിന്റെ വലതു ഭാഗത്തേയ്ക്ക് ഇറങ്ങി ബീച്ചിലേയ്ക്ക് നടന്നു. നല്ല മനോഹരമായ കടല്‍ തീരം! സഞ്ചാരികള്‍ കുറച്ചു കുറച്ചായി കൂടി കൊണ്ടേ ഇരുന്നു. ബീച്ചിന്റെ ഭാഗത്ത് കുറെ ഉത്തരേന്ത്യന്‍ ഭാഗത്തെ കുട്ടികള്‍ കടലില്‍ ഇറങ്ങി കുളിക്കുന്നത് കണ്ടു. തിരമാലകള്‍ ഉയര്‍ന്നു പൊങ്ങി വരുമ്പോള്‍ അവര്‍ ഉയര്‍ന്നു ചാടുന്നതും പുറകിലോട്ടു ഓടുന്നതും കണ്ടുനില്‍ക്കാന്‍ നല്ല രസമായിരുന്നു. അവരുടെ വീഡിയോയും പടങ്ങളും ഞാന്‍ എടുത്തു. അവിടെയും കുറെ നേരം ഇരുന്നു. പിന്നീടു കോട്ടയുടെ മറുഭാഗത്തെ ലക്ഷ്യമാക്കി നടന്നു. ഉയര്‍ന്ന പാറ കൂട്ടങ്ങള്‍ക്കും കോട്ടയുടെയും ഇടയില്‍ കൂടി ഒരു നടവഴി ഉണ്ടായിരുന്നു. അതിലൂടെ നടന്നു. ഓരോ ഭാഗത്ത് നിന്ന് നോക്കുമ്പോഴും കടലിന്റെ കാഴ്ചയ്ക്ക് ഓരോ വ്യത്യസ്തതകള്‍ അനുഭവപെട്ടു. എനിക്ക് ഇഷ്ട്ടപെട്ട ഭാഗങ്ങള്‍ എത്തുമ്പോള്‍ അവിടെ ഞാന്‍ കുറച്ചു നേരം നില്‍ക്കും. പാറക്കെട്ടുകള്‍ ഇടയില്‍ മണല്‍ തിട്ടകള്‍ അതിലേയ്ക്ക് തിരമാലകള്‍ അടിച്ചു കേറുന്നു. ഒരു ഊടു വഴിയിലൂടെ നിരപ്പായ ഭാഗത്ത് എത്തി. ആ സമയത്തിനുള്ളില്‍ കോട്ടയും പരിസരവും സന്ദര്‍ശകരെ കൊണ്ട് നിറയാന്‍ തുടങ്ങി. തിരുവോണത്തിന്റെ വൈകുന്നേരം ചിലവഴിക്കാന്‍ ധാരാളം സ്വദേശികളും മറ്റു ജില്ലകളില്‍ നിന്ന് ഉള്ളവരും ധാരാളമായി അവിടെ കണ്ടു. അവിടെ കുറെ മീന്‍ പിടുത്ത ബോട്ടുകള്‍ കണ്ടു. നല്ല വൃത്തിയും സുന്ദരവുമായ ബീച്ച് ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരു കുട്ടി തലയില്‍ ഒരു ചെറിയ ചുമടുമായി സമൂസ വില്‍ക്കാന്‍ വന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതാണ് ഞാന്‍. നടന്നു ക്ഷീണിച്ചു എനിക്ക് വിശക്കാനും തുടങ്ങി. ഞാന്‍ നാല് സമൂസ വാങ്ങി, അതും വെറും പത്തുരൂപയ്ക്ക്, അവിടെ ഇരുന്നു അതും കഴിച്ചു കൈയ്യില്‍ ഉണ്ടായിരുന്ന വെള്ളവും കുടിച്ചു. കുറെ നേരം അവിടെ ഇരുന്നു. നല്ല സുന്ദരമായ കടല്‍ തീരം. ചെറിയ ഒരു അരുവി അവിടം കടലുമായി കൂടിചേരുന്നുണ്ട്. അവിടം മനോഹരമായിരുന്നു. ആളുകളെ കൊണ്ട് അവിടം നിറഞ്ഞു. പലരും പല രീതിയിലുള്ള കളികളും കൊച്ചു വാര്‍ത്തമാനങ്ങലുമായി അവിടം ചെലവിടുന്നു. ഞാനും കുറെ നേരം അവിടെ ഇരുന്നു. കുറെ കുട്ടികള്‍ അവിടെ വന്നു. ഞാന്‍ അവരുടെയും അവര്‍ എന്റെയും ഫോട്ടോസ് എടുത്തു. വെളിച്ചം മങ്ങി തുടങ്ങിയിരുന്നു. എനിക്ക് തിരി ചു നടക്കാന്‍ സമയം ആയി. വന്ന വഴിയിലൂടെ കോട്ടയുടെ പുറകിലേയ്ക്ക് നടത്തം തുടര്‍ന്നു. വഴിയിലെല്ലാം സഞ്ചാരികളുടെ തിരക്ക്. ഞാന്‍ കോട്ടയുടെ പിഭാഗത്ത് എത്തി. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങി. അതും കണ്ടിട്ട് പോകാം എന്ന് കരുതി ഞാന്‍ അവിടത്തെ ഒരു പാറയില്‍ ഇരുന്നു. പക്ഷെ എവിടെ നിന്നോ വന്ന കാര്‍മേഘങ്ങളുടെ പിന്നിലേയ്ക്കാണ് സൂര്യന്‍ മറഞ്ഞത്. സൂര്യന്‍ കടലിലേയ്ക്ക് മുങ്ങി താഴുന്നത് കാണാന്‍ കഴിഞ്ഞില്ല. തിരിച്ചു കോട്ടയ്ക്ക് അകത്തു കയറി. ഞാന്‍ പോകാത്ത മറുഭാഗത്ത് കൂടി നടന്നു. അവിടം ഒരു കടയില്‍ പൈന്‍ ആപ്പിള്‍ ഉപ്പുവെള്ളത്തില്‍ ഇട്ടതു രണ്ടു കഷ്ണവും വാങ്ങി അതും തിന്നു കൊണ്ട് നടത്തം തുടര്‍ന്നു. അതിന്റെ രുചി ആലോചിച്ചപ്പോള്‍ ഇപ്പോഴും വായില്‍ വെള്ളം നിറയുന്നുണ്ട്. സമയം ആറു മണിയോട് അടുക്കുണ്ട്. സഞ്ചാരികള്‍ ഉത്സവ പറമ്പിലേക്ക് എന്നപോലെ അവിടെയ്ക്ക് നിറഞ്ഞു ഒഴുകുകയായിരുന്നു. ഞാന്‍ കോട്ടയ്ക്കു പുറത്തേയ്ക്ക് കടന്നു. അവിടം ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു പോലിസ് ഓഫീസറോട് കണ്ണുരിലേയ്ക്കുള്ള റെയില്‍വേ സമയം ചോദിച്ചു മനസ്സിലാക്കി. അര മണിക്കൂരില്‍ ട്രെയിന്‍ എത്തും. ഞാന്‍ വേഗം നടത്തം തുടര്‍ന്നു. അവിടം എത്തിയതും ചെറിയ മഴയും വന്നു. ടിക്കറ്റ് എടുത്തു ട്രെയിന്‍ കാത്തു നിന്നു. ചെറിയ ഒരു സ്റ്റേഷന്‍ . ട്രെയിന്‍ എത്തി. ഞാന്‍ കേറി. എന്റെ കണ്ണൂര്‍ കാസര്‍ഗോഡ് യാത്രയില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല അനുഭവമായി ബേക്കല്‍ സന്ദര്‍ശനം. അത് അവസാനിച്ചിരിക്കുന്നു. ട്രെയിന്‍ കണ്ണൂര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. താമസ സ്ഥലം എത്തിയപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞു. സുഖമായി ഒന്ന് കുളിച്ചു. ഭക്ഷണം കഴിക്കാനായി ഇറങ്ങി. ഇതിനിടയില്‍ നാട്ടില്‍ നിന്നും സുഹൃത്ത് ആനന്ദ് എന്നെ വിളിച്ചു. അയാളും സൈബര്‍ മീറ്റ് ലേക്ക് പങ്കെടുക്കാന്‍ വരുന്നുണ്ട് എന്ന് അറിയിച്ചു. ഉച്ചയോടെ എത്തുമെന്നും അറിയിച്ചു. ഭക്ഷണം കഴിച്ചു. തിരിച്ചു റൂമില്‍ ചെന്ന് സുഖമായി ഉറങ്ങി.
കണ്ണൂരിലെ എന്റെ രണ്ടാമത്തെ പ്രഭാതം. ഉറക്കം സുഖമായിരുന്നു. എണീക്കുമ്പോള്‍ എട്ടുമണി ആയിക്കാണും. ആനന്ദിനെ വിളിച്ചു. പാലക്കാടു നിന്നും ഒരു ലോക്കല്‍ ട്രെയിനില്‍ ആണ് യാത്ര എന്നും കണ്ണൂര്‍ എത്തുമ്പോള്‍ ഉച്ചയാവും എന്നും എന്നോട് പറഞ്ഞു. ഞാന്‍ എന്റെ തമാശ സ്ഥലത്തിന് അടുത്തുള്ള തോട്ടട ബീച്ച് കാണാന്‍ പോവാന്‍ തീരുമാനിച്ചു. ബസ് കയറി തോട്ടട ഇറങ്ങി. പ്രാതല്‍ അവിടെ നിന്നും ആക്കി. നേരെ തോട്ടട ബീച്ച് അന്വേഷിച്ചു നടന്നു. കുറെ നടക്കാന്‍ ഉണ്ടായിരുന്നു. നടന്നു നടന്നു വഴി തെറ്റി. നേരെ വേറെ ഏതോ സ്ഥലത്ത് എത്തി. അവിടെ കണ്ട രണ്ടു ചെറിയ കുട്ടികളോട് ഇത് ഏതാ സ്ഥലം എന്ന് ചോദിച്ചു. ഇത് ആദികടലായി (കിഴുന്ന) ആണ് എന്ന് പറഞ്ഞു. കുറെ നേരം അവിടെ ഇരുന്നു. കടല്‍ ആക്രമണം തടയാന്‍ കുറെ കരിങ്കല്ലുകള്‍ കൊണ്ട് വന്നു ഇട്ട കടല്‍ തീരം. തിരമാലകള്‍ ആഞ്ഞു അടിക്കുന്നുണ്ട്. ഞാന്‍ അവിടെ കുറെ നേരം ഇരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ ബസ്സ് ഇറങ്ങിയതും നടന്നതും എല്ലാം വഴി തെറ്റി ആണെന്ന് . തിരുച്ചു തോട്ടട അന്വേഷിച്ചു പോകാം എന്ന് തീരുമാനിച്ചു. അവിടെ നിന്നും ബസ്സ് ഓട്ടോ ഒന്നും കിട്ടിയില്ല. ആള്‍ പെരുമാറ്റം നന്നേ കുറഞ്ഞ സ്ഥലമായിരുന്നു അത്. നടന്നും തിരിച്ചു നടന്നും നന്നേ ക്ഷീണിച്ചു. ചില കയറ്റങ്ങള്‍ കേറി ഇറങ്ങിയപ്പോള്‍ നന്നേ വിയര്‍ത്തു. തിരിച്ചു ബസ്സ് സ്റ്റോപ്പില്‍ എത്തി. അവിടെ നിന്നും ആലോചിച്ചു. ആനന്ദ് കണ്ണൂര്‍ എത്താനുള്ള സമയം ആയി. ഇനി തോട്ടട പോയി തിരുച്ചു വന്നു ആനന്ദിനെ കൂടെ കൂട്ടാന്‍ ഉള്ള സമയം ഇല്ല. അങ്ങിനെ എന്റെ സുന്ദരമായ തോട്ടട കടല്‍ തീരം കാണാനുള്ള മോഹം മതിയാക്കി. അവിടെ നിന്നും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ അന്വേഷിച്ചു. എടക്കാട് ആണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ എന്ന് അറിഞ്ഞു അവിടെയ്ക്ക് വിട്ടു. അവിടെ നിന്നും കണ്ണുരിലേയ്ക്ക് ടിക്കറ്റ് എടുത്തു. ആനന്ദിനെ വിളിച്ചു ഞാന്‍ എടക്കാട് നില്‍ക്കുന്നുണ്ടെന്നും അവിടുംന്നു കാണാം എന്നും അല്ലെങ്കില്‍ കണ്ണൂര്‍ ടൌണില്‍ കാണാം എന്നും പറഞ്ഞു. ട്രെയിന്‍ വന്നു ഞാന്‍ കയറി. ആനന്ദിനെ കണ്ടില്ല. കുറച്ചു നേരത്തെ യാത്ര. കണ്ണൂര്‍ ടൌണില്‍ എത്തി. ആനന്ദിനെ ഞാന്‍ തിരഞ്ഞു. ചെറിയ ഒരു താടിയുമായി ആനന്ദ് നടന്നു അടുത്തു. ഞങ്ങള്‍ ഒരേ നാട്ടു കാരാണ്. വീടുകള്‍ തമ്മില്‍ ഒരുപാടു ദൂരവും ഇല്ല. എപ്പോഴും ഫോണ്‍ ചെയ്യാറുമുണ്ട്. പക്ഷെ ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഓണ്‍ലൈന്‍ ഫോണ്‍ ബന്ധം ഉള്ളത് കാരണം ആ വിടവ് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ സുഹൃത്ത് ബന്ധം അങ്ങനെ തുടര്‍ന്ന് പോകുന്നു. ആനന്ദ് മാത്രമല്ല വന്നത് അയാളുടെ കൂടെ വിശപ്പും കൂടി ഉണ്ടായിരുന്നു. ആനന്ദ് ഒരു സസ്യഭുക്ക് ആയതിനാല്‍ അതിനനുസരിച്ചുള്ള ഭക്ഷണശാല അന്വേഷിച്ചു നടന്നു. ഒടുവില്‍ ഒരു സ്ഥലം കണ്ടു. അവിടെ വെജ്റ്റബില്‍ ബിരിയാണി മാത്രമേ ഉള്ളൂ. അത് കഴിച്ചു വിശപ്പ് അടക്കി. എന്നിട്ട് ഞങ്ങള്‍ പുതിയ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.
കണ്ണൂര്‍ സൈബര്‍ മീറ്റിന്റെ ഭാഗമായി തലേ ദിവസ്സത്തെ തമസ്സ സ്ഥലമായ മാടായി പാറയിലേക്ക് പോകണമായിരുന്നു. കണ്ണൂരില്‍ നിന്ന് പഴയങ്ങാടിക്ക് ബസ്സ് കയറി, കുറച്ചു നേരത്തെ യാത്ര. പഴയങ്ങാടിയില്‍ നിന്നും മാടായി ഗസ്റ്റ് ഹൌസിലേക്ക് ഓട്ടോ യാത്ര. ഒരു ചെറിയ കുന്നു കയറി ഓട്ടോ കുറച്ചു ഗവണ്മെന്റ് കെട്ടിടങ്ങള്‍ എന്ന് തോന്നിക്കുന്ന സ്ഥലത്ത് എത്തി. അവിടെ കുറച്ചു പേര്‍ കൂടി നില്‍പ്പുണ്ടായിരുന്നു. എന്റെ കണ്ണുകള്‍ തിരഞ്ഞത് ബിജുവിനെയും കുമാരനെയും ആയിരുന്നു. ബിജുവിന് ഫേസ് ബുക്ക് പ്രൊഫൈലില്‍ കണ്ട രൂപം ആയിരുന്നില്ല. അത് കൊണ്ട് എനിക്ക് വേഗം തിരിച്ചറിയാന്‍ പറ്റിയില്ല. ബിജു എന്നെ വേഗം തിരിച്ചറിഞ്ഞു. ഫോണില്‍ മാത്രം സംസാരിച്ചു പരിചയമുള്ള ഞാനും കുമാരനും തമ്മില്‍ ആദ്യമായാണ് കാണുന്നത്. അതുവരെ ഫോട്ടോ പോലും കണ്ടിട്ടില്ല. സുകുമാരന്‍ ഏട്ടന്റെ സുഹൃത്ത് എന്നാണ് ഞാന്‍ എന്നെ കുമാരനോടു ഫോണില്‍ സ്വയം പരിച്ചയപെടുതിയിരുന്നത്. അപ്പോള്‍ അദ്ധ്യേഹത്തിന്റെ ഏകദേശം പ്രായം ഉള്ള ആളെയാണ് കുമാരന്‍ എന്നെ മന കണ്ണില്‍ കണ്ടിരുന്നത്. സുകുമാരന്‍ സര്‍ന്റെ സുഹൃത്ത് എന്ന് പറഞ്ഞപ്പോള്‍ കുറച്ചു കൂടി വയസ്സായ ആളിനെ ആണ് ഞാന്‍ പ്രതീക്ഷിച്ചത് എന്ന് കുമാരന്‍ പറഞ്ഞപ്പോള്‍ എല്ലാവരിലും അത് ഒരു പൊട്ടിചിരി ഉയര്‍ത്തി. വേറെയും കുറെ പുതിയ കുറെ സുഹൃത്തുക്കള്‍ അവിടെ എത്തിയിരുന്നു. ചിലര്‍ എത്തി കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ബിജുവിന്റെയും കുമാരന്റെയും വക ക്ഷണം കിട്ടി. ഞങ്ങള്‍ കഴിച്ചിട്ടാണ് വരുന്നത് എന്ന് പറഞ്ഞു. പക്ഷെ വിടുന്ന ലക്ഷണം കണ്ടില്ല. അവസാനം അവരുടെ സ്നേഹത്തിനു മുന്പില്‍ കീഴടങ്ങി. നല്ല ഒരു സദ്യ തന്നെ ആണ് പാര്‍സല്‍ ആയി വന്നിരിക്കുന്നത്. പറ്റാവുന്നത് അകത്താക്കി. ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. ബിജുവിനും കൂട്ടര്‍ക്കും സംഘാടനത്തിന്റെ തിരക്കായിരുന്നു. വന്നവര്‍ തങ്ങളുടെ യാത്ര അനുഭവങ്ങളും ദുരിതങ്ങളും വിവരിച്ചു. കുറച്ചു പുസ്തക പ്രസാധകരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ബ്ലോഗ്ഗിലും ഫേസ് ബുക്കിലും പിന്നീടു ഫോണിലും മാത്രം പരിചയമുള്ള സുകുമാരന്‍ ഏട്ടന്‍ അവിടെ കുടുംബ സമേതം എത്തി. അദ്ധ്യേഹത്തിനു എന്നെയും എനിക്ക് ഏട്ടനേയും കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എന്റെ കണ്ണൂര്‍ മീറ്റിനു പോകാനുള്ള പ്രചോദനം തന്നെ സുകുമാരന്‍ ഏട്ടന്‍ ആയിരുന്നു. സുകുമാരന്‍ ഏട്ടനെ നേരില്‍ കാണണം എന്ന ലക്ഷ്യവും എന്റെ കണ്ണൂര്‍ യാത്രയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നു. അത് നിറവേറി. റെജി പിറവം, കോവൈ രാജീവ്, മിഥുന്‍ , ഷരീഫ് ഇക്ക , രതീഷ്, മുരളി, ശ്രീജിത്ത് കൊണ്ടോട്ടി, വിധു ചോപ്ര പിന്നെയും കുറെ പേര്‍, എല്ലാവരുമായി പ്രത്യേക ബന്ധങ്ങളും സൌഹൃദവും ഉണ്ടാക്കി. നേരം വൈകുന്നേരം ആയി. ഞങ്ങള്‍ മാടായി ചുറ്റി കറങ്ങാന്‍ തീരുമാനിച്ചു. മാടായി ചുറ്റി നടന്നു എന്ന് പറയുന്നതിനേക്കാള്‍ ഭേതം ഓട്ട പ്രദക്ഷിണം നടത്തി എന്ന് പറയാം. സമയ കുറവായിരുന്നു കാരണം. മാടായി പള്ളി ഒഴിച്ച് ബാക്കി എല്ലാം കണ്ടു എന്ന് പറയാം. മാടായി പാറയുടെ പ്രകൃതി സൌന്ദര്യം കണ്ടു ആസ്വദിക്കുക തന്നെ വേണം. പക്ഷെ അതിനു വേണ്ട സമയമോ സാവകാശമോ കിട്ടിയില്ല. നടന്നു ഇരുന്നു കാണാന്‍ പറ്റിയില്ല. പകരം ഓടി നടന്നു കണ്ടു എന്നു പറയാം. മാടായിയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന പഴയങ്ങാടി പട്ടണത്തിന്റെയും പുഴയുടെയും മറ്റും വീക്ഷണം മനോഹരമായിരുന്നു. ബിജു കൊട്ടില ആയിരുന്നു നങ്ങളുടെ ഗൈഡ്. മാടായി കാവ്, ജൂതകുളം, ഒരിക്കലും വറ്റില്ല എന്ന് പറയപെടുന്ന വേറെ ഒരു കുളം അങ്ങനെ പലതും കണ്ടു. നേരം ഇരുട്ടി കൊണ്ടിരുന്നു. നടന്നു കാലു കഴച്ചു. ഞങ്ങള്‍ പതുക്കെ ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി. നല്ല ക്ഷീണവും വിശപ്പും, പുറത്തു അന്ന് രാത്രി ഞങ്ങള്‍ക്ക് വേണ്ട ഭക്ഷണം റെഡി ആയി കൊണ്ടിരുന്നു. ചിലര്‍ കുളിച്ചു, ചിലര്‍ തങ്ങള്‍ കൊണ്ട് വന്ന ലാപ്ടോപ് എടുത്തു അതില്‍ മുഴുകി, റെജിയുടെ ലാപ്ടോപ് ലിനക്സില്‍ അധിഷ്ട്ടിതമായിരുന്നു. റെജിയുടെ ലിനക്സ് പ്രേമം എന്നെ ആകര്‍ഷിച്ചു. ചിലര്‍ വെടി പറച്ചില്‍ മുഴുകി. കുറച്ചു പേര്‍ മീറ്റിനു വിളമ്പുന്ന സദ്യ ഒരുക്കുന്നതിനുള്ള ജോലിയില്‍ ആയിരുന്നു. പച്ചക്കറി മുറിക്കലും തേങ്ങ ചിരകലും മറ്റും നടന്നു കൊണ്ടിരുന്നു. അത്താഴത്തിനുള്ള നെയ് ചോറിന്റെയും കോഴി കറിയുടെയും മണം വന്നു കൊണ്ടിരുന്നു. എനിക്കാണെങ്കില്‍ നല്ല വിശപ്പും. ഞാന്‍ ചോറ് വെയ്ക്കുന്ന ഭാഗത്ത് പോയി നോക്കി എന്തെങ്കിലും തിന്നാന്‍ കിട്ടുമോ എന്ന് ? പിറ്റേ ദിവസത്തെ സദ്യക്കായി വാങ്ങി വെച്ചിരുന്ന ഒരു പാക്കറ്റ് സര്‍ക്കര ഉപ്പേരിയും ചിപ്സും എടുത്തു കൊണ്ട് വന്നു. ഞാനും കഴിച്ചു കുറച്ചു എല്ലാവര്ക്കും കൊടുക്കുകയും ചെയ്തു. കുറെ നേരം അങ്ങനെ ഒക്കെ കടന്നു പോയി. പുസ്തക വില്പനക്കാര്‍ അവരുടെ കച്ചവടം തുടങ്ങിയിരുന്നു. പുസ്തക വായന എന്ന നല്ല ശീലം എനിക്ക് ഇല്ലാത്തത് കാരണം ഞാന്‍ ഒന്നും വാങ്ങിയില്ല. അവിടെ ഒരു പുസ്തക പ്രകാശന ചടങ്ങും നടന്നു. ഭക്ഷണം കഴിക്കാനുള്ള ക്ഷണം വന്നു. ഞാന്‍ ആദ്യം തന്നെ ക്ഷണം സ്വീകരിച്ചു. നല്ല നെയ്ചോറും കോഴി കറിയും. ഹോ എന്ത് രുചി ആയിരുന്നെന്നോ! എനിക്ക് മീറ്റിനു വിളമ്പിയ സദ്യയെക്കാളും ഇഷ്ട്ടപെട്ടത് മാടയിയിലെ ഭക്ഷണം ആയിരുന്നു. നന്നായി കഴിച്ചു. ആനന്ദ് സസ്യഭുക്ക് ആയതു കാരണം ചോറും കുറച്ചു തൈരും മാത്രം വാങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞു. അത് വിളമ്പി തന്നവര്‍ക്കും, അതിനു അനുഗ്രഹിച്ച ദൈവത്തിനും മനസ്സില്‍ നന്ദി പറഞ്ഞു. എല്ലാവരും ഭക്ഷണം കഴിച്ചു. മറ്റു കലാ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഞാന്‍ ഉറങ്ങുന്നതിനും. രാവിലെ മുതല്‍ നടത്തം തുടര്‍ന്ന എനിക്ക് ഉറക്കം ഞാന്‍ അറിയാതെ കണ്ണില്‍ വന്നു നിറഞ്ഞു.
ഞാന്‍ രണ്ടു മുറിയിലെ ഒന്നില്‍ പോയി കിടന്നു. അവിടെ കുറച്ചു ബ്ലോഗ്ഗര്‍മ്മാര്‍ ലാപ്ടോപ്പുമായി സ്ഥാനം പിടിച്ചിരുന്നു. പിന്നാലെ ആനന്ദും വന്നു. ഞാന്‍ ഉറക്കത്തിലേയ്ക്കു വഴുതി കൊണ്ടിരുന്നു. തീര്‍ന്നില്ല പിന്നാലെ കലാകാരന്‍മാര്‍ ഓരോരുത്തരായി വന്നു അവിടെ വട്ടം കൂടി. അവരുടെ കലാ പരിപാടികള്‍ തുടങ്ങി. എന്നെ എഴുന്നേല്‍പിക്കാന്‍ ചിലര്‍ ശ്രമിച്ചതായി ഞാന്‍ പിറ്റേന്ന് രാവിലെ ആണ് അറിഞ്ഞത്. അതിനിടയില്‍ വേറെ ഒരു സംഭവവും നടന്നു. രാവിലെ നാല് അഞ്ചു മണിയാവുമ്പോള്‍ ഞങ്ങള്‍ കിടന്നിരുന്ന റൂം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. അവിടുത്തെ ഏതോ സര്‍ക്കാര്‍ ജോലിക്കാരന്റെ ബന്ധുക്കള്‍ അവിടെ വരുന്നുണ്ടെന്നും, അവര്‍ക്ക് വേണ്ടി ആ മുറി ബുക്കിംഗ് ആണെന്നും പറഞ്ഞു. ആ സമയത്ത് ഞങ്ങള്‍ എല്ലാവരും നല്ല ഉറക്കത്തില്‍ ആയിരുന്നു. വെറുതെ പറയരുതല്ലോ പാതിരാത്രിക്ക് വീട്ടില്‍ കേറി വന്നു ഉറക്കത്തില്‍ വീട്ടില്‍ നിന്ന് ഒഴിപ്പിച്ചു വിട്ടത് പോലെ ആയി. ഞങ്ങള്‍ എല്ലാവരും മറ്റേ മുറിയിലും വരാന്തയിലും മറ്റുമായി കിടന്നു നേരം വെളുപ്പിച്ചു. കവിതയും സാഹിത്യവുമായി ആ സന്ധ്യ അങ്ങനെ കഴിഞ്ഞു. ബിജു കൊട്ടിലയുടെ കവിത ആലാപനം ഉഗ്രനായിരുന്നു എന്ന് ആനന്ദ് പറഞ്ഞു ഞാന്‍ അറിഞ്ഞു. ഞാനും ഒരു സ്വപ്നത്തില്‍ എന്നെ പോലെ അതുകേട്ടു. പക്ഷെ എനിക്ക് ഒരു ഉത്സവ പറമ്പില്‍ കിടന്നു ഉറങ്ങിയ പ്രതീതി ആണ് ഉണ്ടായത്. രാവിലെ ചിലര്‍ എന്നോട് ചോദിച്ചു. ഈ ബഹളത്തിനു ഇടയില്‍ എങ്ങനെ ആണ് ഉറങ്ങിയത് എന്ന് ? ഞാന്‍ അല്ലാതെ ആരും ആ സമയത്ത് ഉറങ്ങിയിട്ടില്ല. ഒരാള്‍ തറയില്‍ ഒരു വിരിപോലും ഇല്ലാതെ തണുത്തു വിറച്ചു ഉറങ്ങുന്നത് കണ്ടു. കുറച്ചു ആള്‍ക്കാര്‍ നേരത്തെ എണീറ്റ് മാടായി കുളത്തില്‍ കുളിക്കാന്‍ പോയതായി അറിഞ്ഞു. കൂടെ പോകാന്‍ കഴിയാത്തത് നഷ്ട്ടമായി തോന്നി. ഞങ്ങള്‍ ഓരോരുത്തരായി പ്രഭാത കൃത്യങ്ങള്‍ നടത്തി കൊണ്ടിരുന്നു. എട്ടു മണി കഴിഞ്ഞു കാണും ഞങ്ങള്‍ എല്ലാവരും മീറ്റിനു പോകാന്‍ തയ്യാറായി. ആദ്യം കുമാരന്‍ ഉള്‍പെട്ട രജിസ്ട്രേഷന്‍ സംഘം പുറപ്പെട്ടു. പിന്നാലെ ഓരോ സംഘങ്ങള്‍ ആയി പുറപെട്ടു. ബിജുവിനും കൂട്ടര്‍ക്കും പാചകം ചെയ്ത ഭക്ഷണം മീറ്റിനു എത്തിക്കാന്‍ ഉള്ളതിനാല്‍ അവര്‍ അവസാനം ആണ് വന്നത്. എന്റെ സംഘത്തില്‍ ആനന്ദും രാജീവനും രതീഷും ആയിരുന്നു. രാജീവിനായിരുന്നു കൂട്ടത്തില്‍ ഏറ്റവും വലിയ ബാഗ് ഉണ്ടായിരുന്നത്. മൂപ്പര്‍ ഓണമായിരുന്നിട്ടു പോലും സൈബര്‍ മീറ്റിനു വരാന്‍ വേണ്ടി നാടായ പത്തനംതിട്ടയില്‍ പോകാതെ നേരെ ജോലി സ്ഥലമായ കോയമ്പത്തൂരില്‍ നിന്നും കണ്ണൂര്‍ വരുകയായിരുന്നു. അതിനാല്‍ ഭാണ്ട കെട്ട് വലുതായിരുന്നു. അതില്‍ രണ്ടു ചക്രം ഘടിപ്പിചിരുന്നതിനാല്‍ റോഡില്‍ വലിച്ചുകൊണ്ടും നടക്കാം. ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഗസ്റ്റ് ഹൌസിനു താഴെ ഒരു യാത്ര ബസ്സ് ഒരു മരത്തിനു ചുംബനം നല്‍കി നില്‍ക്കുന്നത് കണ്ടു. രാവിലെ സംഭവിച്ചതാണെന്ന് തോന്നുന്നു. അത് അപ്പോഴും തുടരുന്നു. മാടായിയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേയ്ക്ക് ഉള്ള ബസ്സ് കാത്തു ഞങ്ങള്‍ നിന്ന്. രാജീവിന് ഒരു ആശയം, നമ്മള്‍ക്ക് ഒരു കാര്‍ വിളിച്ചു കണ്ണൂര്‍ പോയാല്‍ എന്താ? പണം എത്ര ആയാലും എന്താ? മൂപ്പര്‍ക്ക് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു, നടന്നോ തിരക്കുള്ള ബസ്സിലോ കയറി വിയര്‍ത്തു മീറ്റിനു വേണ്ടി വാങ്ങിയ പുതിയ വസ്ത്രങ്ങളും മൂപ്പരും മുഷിയരുത്. ഞങ്ങള്‍ പക്ഷെ മൂപ്പരുടെ അധിക ബജറ്റ് യാത്ര എന്ന ആശയത്തിന് വഴങ്ങിയില്ല. ഞങ്ങള്‍ക്ക് വേണ്ടി തിരക്കില്ലാത്ത ബസ്സ് വരും എന്ന് പ്രതീക്ഷിച്ചു കാത്തു നിന്ന്. അധികം വൈകിയില്ല. ഒരു ആന വണ്ടി വന്നു. വെറുതെ പറയരുതല്ലോ, തിരക്ക് തീരെ ഇല്ല, ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഓരോ സീറ്റ് കിട്ടി. കാര്‍ യാത്രയെക്കാളും സുഖം. ബസ്സില്‍ ഒരു ചെറിയ ഒരു ചര്‍ച്ച ഉണ്ടായി പ്രാതല്‍ എങ്ങനെ എവിടെ ആവാമെന്ന്. ആനന്ദിന് സസ്യ ഭോജനശാല ആയാല്‍ കൊള്ളാമെന്നു പറഞ്ഞു. കുറച്ചു നേരത്തെ കുതിര സവാരിക്ക് ശേഷം കണ്ണൂര്‍ പട്ടണം കാണാന്‍ തുടങ്ങി. ബസ്സില്‍ വെച്ച് ഇന്ത്യന്‍ കോഫി ഹൌസ് ഞാന്‍ കണ്ടു. അവിടെ ഇറങ്ങാമെന്ന് ഞാന്‍ പറഞ്ഞു. അത് നോണ്‍ വെജ് സ്പെഷ്യല്‍ ആയതു കാരണം ആനന്ദിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് ബസ്സ് കണ്ണൂര്‍ ടൌണ്‍ എത്തിയിട്ട് നമുക്ക് നല്ല പ്രാതല്‍ കിട്ടുന്ന ഭോജന ശാല അന്വേഷിക്കാമെന്ന് ആനന്ദ് പറഞ്ഞു. എല്ലാവരും അത് അംഗീകരിച്ചു. കണ്ണൂര്‍ പഴയ ബസ്സ് നിലയത്തില്‍ എത്തി ഇറങ്ങി. നല്ല പ്രാതല്‍ കിട്ടുന്ന സ്ഥലം അന്വേഷിച്ചു നടന്നു. സമയം പത്തുമണിയോട് അടുക്കാറായി. അവിടം ഒരാള്‍ ഇന്ത്യന്‍ കോഫി ഹൌസിലേക്ക് പോകാന്‍ പറഞ്ഞു. ഞങ്ങള്‍ അതും അന്വേഷിച്ചു നടന്നു. ഏകദേശം രണ്ടു കിലോ മീറ്റര്‍ നടന്നു കാണും. ഇന്ത്യന്‍ കോഫി ഹൌസ് കണ്ടു പിടിച്ചു. ഞങ്ങള്‍ ബസ്സില്‍ വരുമ്പോള്‍ കണ്ട അതേ കോഫി ഹൌസ് . അപ്പോള്‍ ഇറങ്ങാതെ ബസ് സ്റ്റാന്‍ഡില്‍ പോയി അതിലേക്കു തന്നെ പിന്നെയും തിരിച്ചു നടന്നിരിക്കുന്നു. നമ്മുടെ രാജീവ് വലിയ ബാഗും വലിച്ചു നടന്നു വിയര്‍ത്തു മുഷിഞ്ഞു ക്ഷീണിച്ചിരുന്നു. കോഫി ഹൌസില്‍ കല്യാണ സദ്യക്കുള്ള തിരക്ക് ഉണ്ടായിരുന്നു. രാവിലെ പത്തു മണി ആയതേ ഉള്ളൂ. വിഭവങ്ങള്‍ എല്ലാം കഴിഞ്ഞു. പൂരി മാത്രമേ ഉള്ളൂ. വേറെ വഴിയില്ല അതും കഴിച്ചു വിശപ്പ് അടക്കി. ഓരോ ചായയും കഴിച്ചു. ബില്‍ സ്പോണ്‍സര്‍ ചെയ്തത് രാജീവ് ആയിരുന്നു. നല്ല കാര്യം. അവിടെ നിന്നും കണ്ണൂര്‍ സൈബര്‍ മീറ്റ് നടക്കുന്ന ജവഹര്‍ ലൈബ്രറി ലക്ഷ്യമാക്കി ഒരു ഓട്ടോ റിക്ഷാവില്‍ യാത്ര തുടര്‍ന്നു.
ബ്ലോഗ്ഗര്‍മ്മാരെ പരിചയപെടുത്തല്‍ ഉച്ചവരെ നീണ്ടു. ഓരോരുത്തരായി വന്നു പരിചയപെടുത്തി കൊണ്ടിരുന്നു. K P സുകമാരന് , പ്രീത മുള്ളന്‍ , ഹരിപ്രിയ, ശാന്ത കാവുംഭായ് , സമദ്ക്ക, റെജി വര്‍ഗീസ് ,ചിത്രകാരന്‍ (യഥാര്‍ത്ഥ പേര്‍ മറന്നു പോയി) നമ്മുടെ കഥാനായകന്‍ ബിജു കൊട്ടില, അനില്‍ കുമാര്‍ എന്ന കുമാരന്‍ , അങ്ങനെ കുറെ പേര്‍ കുറെ ആള്‍ക്കാരുടെ ഫോട്ടോയും ഇല്ലാത്തതിന്നാലും പേര് മറന്നു പോയതിനാലും വിവരണത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അല്ലാതെ മനപൂര്‍വം ഒഴിവാക്കിയത് അല്ല. ഉച്ചയായി, ഭക്ഷണം കഴിഞ്ഞു ബാക്കി പരിപാടി എന്ന് അറിയിപ്പ് വന്നു. എല്ലാവരും പടിയിറങ്ങി. അതിനു മുന്പ് മീറ്റിനു പങ്കെടുത്തവരുടെ ഗ്രൂപ്പ് പടം പിടുത്തം ഉണ്ടായിരുന്നു. എല്ലാവരും അനുസരണയോടെ അതിനു നിന്ന് കൊടുത്തു. മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും പടം ഒരു ഫ്രൈമില്‍ ഫോട്ടോഗ്രാഫര്‍ ഭംഗിയായി ഒതുക്കി. എന്നിട്ട് എല്ലാവരും ഭക്ഷണം കഴിക്കുന്ന സ്ഥലത്തേയ്ക്ക് പോയി. അപ്പോള്‍ കുറച്ചു വിദ്യാര്‍ഥികള്‍ അവിടെ വന്നിട്ടുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഉള്ള "ബ്ലോഗ് എങ്ങനെ എഴുതാം" എന്നതിനുള്ള ക്ളാസ്സില്‍ പങ്കെടുക്കാന്‍ വന്നതാണ്. അവരെയും കൂട്ടി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയി. സദ്യ ഉഗ്രനായിരുന്നു ( രസവും മോരും ഇല്ല എന്നതൊഴിച്ചാല്‍). പായസം അതിനെക്കാളും അത്യുഗ്രന്‍ ! എല്ലാവരും മത്സരിച്ചു ഭക്ഷണം കഴിച്ചു എന്ന് വേണമെങ്കില്‍ പറയാം. എനിക്കും ഭക്ഷണം നന്നായി ഇഷ്ട്ടപെട്ടു. ഞാനും ആനന്ദും ഭക്ഷണം ആസ്വദിച്ചു കഴിച്ചു . സദ്യ കഴിഞ്ഞു ഓരോരുത്തരായി മീറ്റ് നടക്കുന്ന സ്ഥലത്തേയ്ക്ക് തിരിച്ചു കൊണ്ടിരുന്നു. ചിലര്‍ കഴുത്തുവരെ ഭക്ഷണം നിറച്ചതിന്റെ ക്ഷീണത്തില്‍ ആയിരുന്നു. അടുത്തത് പുതിയ ബ്ലോഗ്ഗര്‍മ്മാര്‍ക്കുള്ള ക്ളാസ്. പ്രദീപ് കുമാര്‍ സാറായിരുന്നു ക്ളാസ് എടുത്തത്. ക്ളാസ്സില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് സുകുമാരന്‍ സാറാണ് സ്വാഗതം പറഞ്ഞത്. ബ്ലോഗ്ഗ് എങ്ങനെ ഉണ്ടാക്കണം എന്നതിനെ കുറിച്ച് വിശദമായ ക്ളാസ് നടന്നു. കുട്ടികള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും നോട്സ് എഴുതുകയും ചെയ്യുന്നുണ്ടായിരുന്നു. ക്ലാസിനു വേണ്ടി ഏര്‍പെടുത്തിയ ഇന്റര്‍നെറ്റ് സൗകര്യം തീരെ സ്പീഡ് ഇല്ലായിരുന്നു (3G Connection ആണെന്നാണ് കേട്ടത് ) അതില്‍ പ്രദീപ് സാറിന് ചെറിയ വിമ്മിഷ്ട്ടം ഉള്ളതുപോലെ തോന്നി . അത് കൊണ്ട് ക്ലാസിനു വന്ന കുട്ടികള്‍ക്ക് ലൈവ് ഡെമോസ് കിട്ടിയില്ല ക്ളാസ് നടക്കുമ്പോള്‍ തന്നെ ഓരോരുത്തരായി വിട പറയുന്നുണ്ടായിരുന്നു. കുറച്ചു ആളുകള്‍ ദൂരെ നിന്ന് വന്നവരായിരുന്നു. ആനന്ദും നേരത്തെ നാട് പിടിക്കണം എന്ന് പറഞ്ഞു യാത്ര ചോദിച്ചു മടങ്ങി. അങ്ങനെ ക്ളാസ് കഴിഞ്ഞു. മീറ്റ് ഔദ്യോഗികമായി കഴിഞ്ഞതായി അറിയിപ്പ് വന്നു. അവസാനം പ്രദീപ് സാറും ചിത്രകാരനും പോയി. ഞാനും വിധുവും കുമാരനും ബിജുവും ബിന്സിയും മാത്രം ബാക്കി. ഞാന്‍ നാളെയെ നാട്ടിലേയ്ക്ക് തിരിക്കുന്നു എന്ന് അവരോടു പറഞ്ഞു. കുമാരന്‍ എന്നെ തന്റെ ജോലി സ്ഥലമായ മാതൃഭൂമി ഓഫീസിലേയ്ക്ക് ക്ഷണിച്ചു. പിന്നീടു ആവാമെന്ന് ഞാനും പറഞ്ഞു. തുഞ്ചന്‍ പറമ്പ് മീറ്റിനു അടിച്ച സ്മരണിക അവിടെ വില്‍ക്കാന്‍ കൊണ്ട് വന്നിട്ടുണ്ടായിരുന്നു (അതില്‍ ഒരെണ്ണം ഞാനും വാങ്ങിയിരുന്നു. പക്ഷെ ഇതുവരെ ഒരു ലേഖനം പോലും മുഴുവനായി വായച്ചിട്ടില്ല) . അതിന്റെ ബാക്കി പൊതികള്‍ ഞങ്ങള്‍ ഒരു കാറില്‍ കയറ്റി. കാറ് ആരുടെയെന്നു എനിക്ക് അറിയില്ല. കുമാരനും ബിജുവും നല്ല സ്നേഹത്തോടെ യാത്ര ചോദിച്ചു പിരിഞ്ഞു. അവസാനം ആ ജവഹര്‍ ലൈബ്രറി പരിസരത്ത് നിന്നും ഞാനും അവസാനമായി നടന്നകന്നു. എന്നെ സംബന്ധിച്ചു പറയുകയാണെങ്കില്‍ മീറ്റ് വിജയമാണ്. എനിക്ക് ഈ മീറ്റിന്റെ പേരില്‍ ആണ് ഒരു നല്ല മധുരിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ യാത്ര കണ്ണൂര്‍ കാസര്‍ഗോഡ് യാത്ര തരപെട്ടത്. കാണാത്ത കാഴ്ചകള്‍ ഒരുപാട് കണ്ടു. ഒരു പാട് ആള്‍ക്കാരെ നേരില്‍ കണ്ടു, പരിചയപെട്ടു. എനിക്ക് എടുത്തു പറയത്തക്കതായിട്ടു തോന്നിയ ഒരു വ്യക്തിത്വം ചിത്രകാരന്റെതായിരുന്നു. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എഴുത്തിലൂടെ തീ തുപ്പുന്നതും, ചിലപ്പോള്‍ തെറി അഭിഷേകം നടത്തുന്നതും ഇത്രയും സൌമ്യനായ ഒരു മനുഷ്യനാണോ എന്ന് എനിക്ക് തോന്നി. എഴുത്തിലൂടെയും ഫോണിലൂടെയും മാത്രം സൌഹൃദം തുടര്‍ന്നിരുന്ന മലയാളം ബ്ലോഗ് തറവാട്ടിലെ കാരണവര്‍ ആയ സുകുമാരന്‍ ഏട്ടനേയും നേരില്‍ കാണാന്‍ സാധിച്ചതും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായി. പിന്നെ എനിക്ക് പുതിയതായി കിട്ടിയ സ്നേഹം മാത്രം എറിയുന്ന കണ്ണൂര്‍കാരായ സുഹൃത്തുക്കള്‍ ! സൈബര്‍ ലോകത്ത് മാത്രം പരിചയമുള്ള വ്യക്തികളെ ജീവനോടെ കണ്മുന്നില്‍ കണ്ടു. എനിക്ക് അത് നേട്ടം തന്നെ ആണ്. പക്ഷെ എനിക്കും ഒരു പരാതി ഉണ്ട്. അത് സംഘാടനത്തില്‍ അല്ല. മരിച്ചു സൈബര്‍ മീറ്റ് എന്ന് പേരിട്ട വിശാല മീറ്റ് ഒരു ബ്ലോഗേഴ്സ് മീറ്റ് ആയി ചുരുങ്ങി പോയി. ബ്ലോഗ്ഗിനെ പറ്റി അല്ലാതെ ഇന്ന് സൈബര്‍ ലോകത്തെ പ്രതിഭാസങ്ങള്‍ ആയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളെ പറ്റി വലിയ പരാമര്‍ശം കണ്ടില്ല. ഇന്നത്തെ ലോകത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ചെയ്യുന്ന, ഉയര്‍ത്തുന്ന സാമൂഹിക രാഷ്ട്രീയ സ്വാധീനങ്ങളെ പറ്റി ഒരു ചര്‍ച്ചയും നടന്നില്ല. ബ്ലോഗ്ഗ് ക്ളാസ് എടുത്ത പ്രദീപ് സാര്‍ ഫേസ് ബൂക്കിനെയും ട്വിട്ടെരിനെയും വെറും മൈക്രോ ബ്ലോഗ്സ് എന്ന് വിഷേശിപിച്ചു. അത് മാത്രമേ എനിക്ക് ഒരു കുറവായി തോന്നിയുള്ളൂ. അതും അത്ര കാര്യമാക്കേണ്ടതില്ല. കുറവുകള്‍ ഇല്ലാത്ത ഒരു മനുഷ്യനോ, ഒരു സമൂഹമോ, ഒരു കാര്യമോ ഇല്ല. എല്ലാം തികഞ്ഞതായിട്ടു ഒന്നും ഇല്ല. ഈ സൈബര്‍ മീറ്റിനു പിന്നില്‍ അധ്വാനിച്ചവരെ നാം കുറച്ചു കാണരുത്. ഊണും ഉറക്കവും ഇല്ലാതെയുള്ള അവരുടെ അദ്ധ്വാനം ഞാന്‍ നേരില്‍ കണ്ടതാണ്. ഒരു കാര്യത്തെ കുറ്റം പറയാന്‍ എളുപ്പമാണ്. പക്ഷെ അതുപോലെ ഒരെണ്ണം ഉണ്ടാക്കാന്‍ ഇറങ്ങുമ്പോഴേ അതിന്റെ കഷ്ട്ടം അറിയുകയുള്ളൂ. ഈ സൈബര്‍ മീറ്റ് സംഘാടക സമിതിക്ക് മനസ്സാ ആശംസകള്‍ അര്‍പിച്ചുകൊണ്ടു ഞാനും ജവഹര്‍ ലൈബ്രറി കെട്ടിടത്തില്‍ നിന്ന് വിടവാങ്ങി.
പയ്യാമ്പലം ബീച്ച്
കണ്ണൂര്‍ യാത്രയില്‍ ഞാന്‍ വീണ്ടും ഒറ്റക്കായി. സമയം മൂന്നു മണി കഴിഞ്ഞു. ഇന്നത്തെ ഒരു ദിവസം എങ്ങനെ ചിലവഴിക്കാം എന്ന് ആലോചിച്ചപ്പോള്‍ പയ്യാമ്പലം ബീച്ച് കാണാന്‍ പോകാന്‍ തീരുമാനിച്ചു. നടക്കാനും ബസ്സ് കാത്തു നില്‍ക്കാനും ഒന്നും വയ്യ. നന്നേ ക്ഷീണിച്ചിരുന്നു. ഒരു ഓട്ടോ റിക്ഷാവില്‍ കേറി പയ്യാമ്പലം പോയി ഇറങ്ങി. അവിടം ഒരു ഉത്സവം നടക്കുന്ന തിരക്ക് ഉണ്ടായിരുന്നു. പയ്യാമ്പലം പോയാല്‍ ആദ്യം നമ്മെ വരവേല്‍ക്കുന്നത് നേതാക്കളുടെയും സഘാക്കളുടെയും അന്ത്യ വിശ്രമ കേന്ദ്രങ്ങള്‍ ആയിരിക്കും. കേരള ചരിത്രത്തിന്റെ ഭാഗമായിരുന്ന അവര്‍ നിയമസഭയില്‍ എന്നപോലെ അണി നിരക്കുന്നു. അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച വ്യക്തിത്വം നായനാര്‍ ആയിരുന്നു. ഭരിച്ചതിനെക്കാള്‍ ഏറെ കേരള ജനതയെ ചിരിപ്പിച്ച അദ്ധ്യേഹത്തിന്റെ സ്മരണികയ്ക് മുന്നില്‍ ഞാന്‍ കുറച്ചു നേരം നിന്നു. വലതു പക്ഷവും ഇടതു പക്ഷവും അവിടെയും വ്യക്തമായി വേര്‍ തിരിച്ചു വെച്ചിട്ടുണ്ട്. ഞാന്‍ ബീച്ചിലേക്ക് നടന്നു. അവിടമാകെ ജന നിബിഡമായിരുന്നു. തിരക്ക് കണ്ടപ്പോള്‍ എനിക്ക് അവിടം ഒരുപാട് നേരം നില്ക്കാന്‍ തോന്നിയില്ല. അവിടന്ന് നടക്കാന്‍ തുടങ്ങി. വഴിയില്‍ ചില ബഹുനില കെട്ടിടങ്ങള്‍ കണ്ടു. എങ്ങനെ എങ്കിലും റൂം എത്തിയാല്‍ മതി എന്നായി. എനിക്ക് താമസ്സിക്കാന്‍ കുമാരന്‍ ഏര്‍പാടാക്കി തന്ന റൂം ഒഴിവാക്കിയിരുന്നില്ല. കിട്ടിയ ബസ്സ് കയറി കണ്ണൂര്‍ പുതിയ ബസ് നിലയത്തിലും അവിടെ നിന്നു ഞാന്‍ താമസിച്ചിരുന്ന താണയിലുള്ള ലോഡ്ജിലും എത്തി. സമയം ആറു മണി കഴിഞ്ഞു കാണും. ഞാന്‍ സുഖമായി ഒന്ന് കുളിച്ചു. കുറച്ചു നേരം കിടന്നു ഉറങ്ങി. സമയ ഒരു എട്ടു മണി ആയപ്പോള്‍ ഉറക്കം ഉണര്‍ന്നു. എന്തെങ്കിലും കഴിക്കണം. വസ്ത്രം മാറി ഞാന്‍ പുറത്തേയ്ക്ക് നടന്നു. അവിടം ഞാന്‍ സ്ഥിരമായി അത്താഴം കഴിക്കാറുള്ള ഭക്ഷണ ശാലയില്‍ പോയി. സ്ഥിരം വിഭവമായ പൊറോട്ടയും ബോഗി മഞ്ചൂരിയനും കഴിച്ചു. തരക്കേട് ഇല്ലാത്ത അത്താഴം. വിശപ്പ് മാറിയ സന്തോഷത്തില്‍ റൂമിലേക്ക് തിരുച്ചു നടന്നു. അവിടെ ലോഡ്ജ് നടത്തിപ്പുകരോട് നാളെ നാട്ടിലേക്ക് പോകുകയാണെന്നും റൂം രാവിലെ ഒഴിയുമെന്നും പറഞ്ഞു. അവിടുത്തെ ഇടപാടുകള്‍ തീര്‍ത്തു. അവരോടു യാത്ര പറഞ്ഞു. ഇനിയും വന്നാല്‍ ഇവിടെ വരണം എന്ന് അവര്‍ പറഞ്ഞു. വയറും മനസ്സും നിറഞ്ഞ സന്തോഷത്തില്‍ ഉറങ്ങാന്‍ കിടന്നു. കണ്ണൂര്‍ സന്ദര്‍ശനത്തിന്റെ അവസാന രാത്രി കഴിഞ്ഞു പോയി.
Saint Angelo Fort
(12-09-2011)
(12-09-2011)
രാവിലെ ഉറക്കം ഉണര്‍ന്നു. നാട്ടിലേയ്ക്ക് തിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. എട്ടുമണിക്ക് തന്നെ കുളിച്ചു റെഡി ആയി, വസ്ത്രം മാറി, റൂം പൂട്ടി താക്കോല്‍ ഓഫീസില്‍ ഏല്പിച്ചു. അവരോടു യാത്ര പറഞ്ഞു. താണയില്‍ നിന്ന് ബസ്സ് കയറി പുതിയ ബസ് സ്റ്റാന്റ് എത്തി. അവിടുന്ന് പ്രാതല്‍ കഴിച്ചു. എനിക്ക് വൈകുന്നേരം മഞ്ചേരി എത്തിയാല്‍ മതി. കണ്ണൂര്‍ ഞാന്‍ പ്ലാന്‍ ചെയ്തതില്‍ കാണാത്ത രണ്ടു സ്ഥലങ്ങള്‍ ഉണ്ട്. ഒന്ന് കണ്ണൂര്‍ കോട്ടയും, വേറെ ഒന്ന് അറക്കല്‍ മ്യുസിയവും. ആദ്യം കണ്ണൂര്‍ കോട്ടയ്ക്കു പോകാന്‍ തീരുമാനിച്ചു. ബസ്സ് കയറി അവിടെ എത്തി. കണ്ണൂര്‍ പോലീസ് ക്യാമ്പ്. സൈനിക ക്യാമ്പ് എന്നിവയുടെ അടുത്തുള്ള കോട്ടയിലേക്ക് നടന്നു. രാവിലെ നേരത്തെ ആയതിനാല്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. മുന്പില്‍ പഴയ ഒരു പീരങ്കി നമ്മെ വരവേല്‍ക്കുന്നുണ്ട്. കൂറ്റന്‍ ഉരുക്ക് വാതില്‍ കടന്നു ഞാന്‍ അകത്തു കടന്നു. മഴ മേഘങ്ങള്‍ മാനത്തു നില്‍പ്പുണ്ട്. ചെറിയ തുള്ളികളും വീഴുന്നുണ്ട്. ഞാന്‍ കോട്ട ഒന്ന് ചുറ്റി നടന്നു കണ്ടു. കോട്ടയ്ക്കു ചുറ്റും പഴയ പീരങ്കികള്‍ അലങ്കാരമായും അതോടൊപ്പം പഴയ കാവല്‍ ജോലി ഇപ്പോഴും തുടരുന്നതായി എനിക്ക് തോന്നി. കടലിന്റെ അരികിലാണ് കോട്ട. ആയതിനാല്‍ കോട്ടയുടെ കടല്‍ ഭാഗത്ത് കടലാക്രമണം തടയുന്നതിനായി ധാരാളം കൂറ്റന്‍ കല്ലുകള്‍ അടുക്കി വെച്ചിരിന്നു. അതില്‍ തിരമാലകള്‍ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു. അത് കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. രാവിലെ പുതുയതായി കല്യാണം കഴിഞ്ഞ രണ്ടു നവദമ്പതികളുടെ വീഡിയോ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. മഴ എന്നെ അവിടെ ഒരു പാട് നേരം നില്ക്കാന്‍ അനുവദിച്ചില്ല. കോട്ടയുടെ മുകള്‍ ഭാഗത്ത് കൂടി ഞാന്‍ നടന്നു. കടലിന്റെ അരികിലെ ദൃശ്യം മനോഹരമായിരുന്നു. അവിടം കുറച്ചു നേരം ചുറ്റി നടന്ന ശേഷം ഞാന്‍ കോട്ടയില്‍ നിന്ന് പുറത്തു വന്നു. മഴ പെയ്യനുള്ള സാധ്യതകള്‍ കൂടിയിരുന്നു. ഞാന്‍ നടത്തം തുടങ്ങി. കുറെ ദൂരം നടന്നപ്പോള്‍ കോട്ടയിലേക്ക് സന്ദര്‍ശകരെ ഇറക്കി വിട്ടു തിരുച്ചു വരുന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു അതില്‍ കയറി. നേരെ അറക്കല്‍ മ്യുസിയത്തിലേക്കു വിടാന്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ സൌഹൃദ സംഭാഷണത്തില്‍ താല്പര്യമുള്ള ആള്‍ ആയിരുന്നു. നേരെ അറക്കല്‍ മ്യുസിയത്തില്‍ എത്തി. വാതില്‍ കൊട്ടി അടച്ചിരിക്കുന്നത് കണ്ടു. അതില്‍ വെള്ള പേപ്പറില്‍ എഴുതി ഒട്ടിയ ഒരു നോട്ടീസ് കണ്ടു. അറക്കല്‍ മ്യുസിയത്തിനു " തിങ്കളാഴ്ച അവധി" എന്ന് . പിന്നീട് വൈകിച്ചില്ല അതെ ഓട്ടോ റിക്ഷാവില്‍ കണ്ണൂര്‍ തീവണ്ടി ഓഫീസ് ലക്ഷ്യമാക്കി മുന്നോട്ടു പോയി.
വീണ്ടും ജീവിത യാത്രയിലേക്ക്...
കണ്ണുരിലേയ്ക്ക് വരുമ്പോള്‍ ബസ്സ് യാത്ര മൂലം അനുഭവിച്ച ദുരിതങ്ങള്‍ ഓര്‍ത്താണ് തിരിച്ചു നാട്ടിലേയ്യ്ക്ക് പോകുമ്പോള്‍ ട്രെയിന്‍ യാത്ര തിരഞ്ഞെടുത്തത്. റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ തുടങ്ങി മഴ. പുറത്തുള്ള ഒരു കൌണ്ടറില്‍ ടിക്കറ്റ് എടുത്തു ട്രെയിന്‍ വരാന്‍ ഇനിയും ഒരു മണിക്കൂര്‍ കാത്തു നില്‍ക്കണം. സമയം പത്തുമണി കഴിഞ്ഞു. രാവിലെ ഭക്ഷണം ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. റെയില്‍വേ കാന്റീനില്‍ നിന്ന് ലഘുവായി ഒരു ഭക്ഷണം. പ്ലാറ്റ് ഫോം ലക്ഷ്യമാക്കി നടന്നു. മഴ അപ്പോഴും ഉണ്ടായിരുന്നു. എന്റെ കണ്ണൂര്‍ യാത്രയില്‍ റോഡ് യാത്ര ദുരിതങ്ങള്‍ ഒഴിച്ചാല്‍ എല്ലാം നല്ല സുഖമുള്ള ഓര്‍മകളാണ്. സൈബര്‍ ലോകത്ത് മാത്രം പരിചയമുള്ള ഒരു പാട് പേരെ നേരില്‍ കണ്ടു. എന്നിക്ക് എന്നും കൌതുകം തോന്നിയ കടലും തീരവും കണ്ടു ഒരു പാട് നേരം ചിലവഴിച്ചു. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മേഘലയില്‍ എന്നും നേതൃത്വ നിരയില്‍ ഉള്ള കണ്ണൂര്‍ ജനതയുടെ സ്നേഹം സഹകരണം അതിലുള്ള ആത്മാര്‍ഥത എന്നിവ എന്നിക്ക് നേരില്‍ കാണാന്‍ സാധിച്ചു. ഓരോ കാര്യത്തിലും സൂക്ഷ്മത പാലിക്കുന്ന ജനങ്ങളാണ് കണ്ണൂര്കാര്‍ എന്ന് എനിക്ക് തോന്നി. ഒരിക്കല്‍ കണ്ണൂര്‍ ടൌണില്‍ നിന്ന് താണയിലേക്ക് ബസ്സ് കയറി. നല്ല തിരക്ക് ഉണ്ടായിരുന്നു. അഞ്ചു രൂപ ടിക്കറ്റ് എടുക്കാന്‍ ഞാന്‍ കൊടുത്തത് പത്തു രൂപ. കണ്ടക്ടര്‍ കാശ് വാങ്ങിച്ചു ഒന്നും മിണ്ടാതെ പോയി. നല്ല തിരക്ക് ആയതിനാല്‍ ബാക്ക് സീറ്റില്‍ ഇരുന്നിരുന്ന എനിക്ക് ബാക്കി വാങ്ങിക്കാന്‍ പാടും എന്ന് തോന്നിയില്ല. പക്ഷെ ഞാന്‍ ഇറങ്ങുന്ന സ്ഥലം എത്തുന്നതിനു മുന്പേ കണ്ടക്ടര്‍ എന്നെ തേടിപിടിച്ചു ഞാന്‍ ചോദിക്കാതെ തന്നെ ബാക്കി അഞ്ചു രൂപ എന്നെ ഏല്പിച്ചു. കാര്യം അഞ്ചു രൂപ ആണെങ്കിലും അയാള്‍ അത് തിരിച്ചു തരാന്‍ കാണിച്ച സത്യസന്ധത എനിക്ക് ഇഷ്ട്ടപെട്ടു. വേറെ ഒരു സംഭവം ഒരു സ്ഥലത്ത് ഭക്ഷണം കഴിച്ചു. നല്ല തിരക്കുള്ള ഭോജന ശാല. എന്നിട്ട് അതിന്റെ ക്യാഷ് കൌണ്ടറില്‍ ഇരിക്കുന്ന ആളോട് ഒരു സ്ഥലത്തേയ്ക്ക് പോകുന്നതിന്റെ വഴി ചോദിച്ചു. അയാള്‍ അപ്പോള്‍ ഭക്ഷണം കഴിച്ചു കാശ് കൊടുക്കാന്‍ നിലക്കുന്നവരുടെ തിരക്ക് കൂട്ടാക്കാതെ എനിക്ക് ശരിക്കും വഴി പറഞ്ഞു തരാന്‍ സമയം കണ്ടെത്തി. എനിക്ക് കാര്യം ശരിക്കും മനസ്സിലായി എന്ന് അധ്യേഹത്തിനു ബോധ്യപെട്ടപ്പോള്‍ മാത്രമാണ് അയാള്‍ താനെ ജോലിയിലേക്ക് തിരിച്ചു പോയത് . ആ ആത്മാര്‍ഥത എനിക്ക് ഇഷ്ട്ടപെട്ടു. എങ്ങനെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഇഷ്ട്ടപെട്ട അനുഭവങ്ങള്‍ ആയി മാറി. അങ്ങനെ എന്റെ കണ്ണൂര്‍ യാത്രയില്‍ സഹായിച്ച സഹകരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഫേസ് ബൂക്കിലൂടെ ഒന്ന് കൂടി നന്ദി രേഖപെടുത്തി യാത്ര ചോദിച്ചു. ട്രെയിന്‍ എത്തി, ഓണം അവധി കഴിഞ്ഞ ദിവസ്സമായതിനാല്‍ ട്രെയിനില്‍ കാലുകുത്താന്‍ സ്ഥലം ഇല്ലായിരുന്നു. എങ്ങനെയോ കയറി വാതില്‍ക്കല്‍ സ്ഥാനം പിടിച്ചു. കുറച്ചു നേരം നിന്ന് കാല്‍ കഴച്ചു തുടങ്ങിയപ്പോള്‍ എന്റെ ചെരിപ്പ് അഴിച്ചു വെച്ച് ത്തില്‍ തന്നെ ഇരിന്നു. കതവിന്റെ അരികില്‍ തന്നെ ആയിരുന്നു സ്ഥാനം. തീവണ്ടി നീട്ടി കൂകി പാഞ്ഞു കൊണ്ടിരുന്നു. പുറത്തെ സുന്ദരമായ കാഴ്ചകളില്‍ മുഴുകി ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് അടുത്തുകൊണ്ടിരുന്നു....